RSS

നിറമില്ലാത്ത വെളിച്ചങ്ങള്‍ക്ക് പറയാനുള്ളത്.

       സൂര്യന്‍റെ കണ്ണുകള്‍ അടഞ്ഞുതുടങ്ങി. ആകാശം ഇരുണ്ടു. സൂര്യപ്രഭയില്‍ അമര്‍ന്നുകഴിഞ്ഞിരുന്ന ചന്ദ്രന്‍ മെല്ലെമെല്ലെ തലപൊക്കിത്തുടങ്ങി. നിലാവെളിച്ചത്തില്‍ അനുഭവപ്പെട്ടിരുന്ന കാറ്റിന്‍റെ സുഖമുള്ള തലോടല്‍ പ്രതീക്ഷിച്ചുകൊണ്ട് മാഷ്‌ വീടിന്‍റെ വരാന്തയില്‍ വന്നിരുന്നു. ആരുടെയോ വരവും കാത്തിരിക്കുന്നതുപോലെ ഇടയ്ക്കിടെ മാഷ്‌ ഇടവഴിയിലേക്കു നോക്കികൊണ്ടിരുന്നു. മൂളിപ്പാട്ടും പാടി വരുന്ന കൊതുകുകള്‍ മാഷിന്‍റെ എകാന്തചിന്തകളെ അലോസരപ്പെടുതികൊണ്ടിരുന്നു.  അധ്യാപനത്തില്‍ നിന്നും വിരമിച്ചതിനുശേഷമുള്ള സായഹ്നങ്ങളൊക്കെ  ഇതുപോലെയായിരുന്നു.
    ചിന്തകളുടെയും  വായനയുടെയും എഴുത്തുകളുടെയും ഇടയില്‍ ചിലപ്പോള്‍ “മാഷേ” എന്ന വിളിക്കായി അയാള്‍ കാതോര്‍ത്തിരിക്കും. ജോലിയും കുടുംബവുമായി മക്കളൊക്കെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ താമസിക്കുന്നു. ബന്ധങ്ങളൊക്കെ വല്ലപ്പോഴും വരുന്ന ടെലിഫോണ്‍ വിളികളില്‍ ഒതുങ്ങി. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന സന്തതസഹചാരിയും ഈ ലോകത്തോട് വിടപറഞ്ഞതോടെ മാഷ്‌ തീര്‍ത്തും ഒറ്റപ്പെട്ടു.
 ഏകാന്തതയുടെ തടവറയില്‍ നിരാശനായിരിക്കുമ്പോഴായിരുന്നു മാഷ്‌ അവനെ പരിചയപ്പെടുന്നത്. ഭാര്യയുടെ മരണശേഷം ഒറ്റപ്പെടലിന്‍റെ വീര്‍പ്പുമുട്ടലുകള്‍  അസഹ്യമായപ്പോള്‍ മാഷ്‌ ഒരു യാത്ര പുറപ്പെട്ടു. കുറച്ചകലെ പട്ടണത്തിലുള്ള ഒരു സുഹൃത്തിനെ കാണാന്‍. സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോഴായിരുന്നു ആ സംഭവം. തീവണ്ടിയിലായിരുന്നു യാത്ര. കമ്പാര്‍ട്ടുമെന്റില്‍ സാമാന്യം നല്ല യാത്രക്കാരുണ്ടായിരുന്നു. ജനലിനരികിലുള്ള സീറ്റിലിരുന്നു മാഷ്‌ പുറം കാഴ്ചകള്‍ കണ്ടു ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നു. സാമാന്യം നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത അന്ധനായ ഒരു പയ്യന്‍ എതിര്‍വശത്ത് ഇരിക്കുന്നത് മാഷ്‌ ശ്രദ്ധിച്ചതേയില്ല. ബധിരരും മൂകരും അന്ധരുമായവരെ ആരും ശ്രദ്ധിക്കാറില്ലല്ലോ?.
അടുത്തിരിക്കുന്ന ഉദ്യോഗസ്ഥരായ യാത്രക്കാരുടെ പൊട്ടിച്ചിരികളും ഉച്ചത്തിലുള്ള സംഭാഷണങ്ങളും മാഷിന്‍റെ ഏകാഗ്രതയെ തടസ്സപ്പെടുതിയെങ്കിലും ചിരിക്കാനും സംസാരിക്കാനുമുള്ള മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ മാഷ്‌ കൈകടത്താന്‍ ആഗ്രഹിച്ചില്ല. യാത്രക്കാര്‍ പുകവലിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരുങ്ങിയെങ്ങിലും “താനും ഒരു പുകവലിക്കാരനാനല്ലോ അവരോടു പുകവലിക്കരുത് എന്ന് പറയാന്‍ തനിക്കെന്താനവകാശം എന്നോര്‍ത്ത് മാഷ്‌ നിശബ്ദനായിരുന്നു. നൈരാശ്യം മൂലം കടമകള്‍ മറന്നുതുടങ്ങിയ ഒരു മനുഷ്യനില്‍ നിന്നും പ്രതികരണശേഷി എങ്ങിനെയാണ് പ്രതീക്ഷിക്കുക?
യാത്രയിലുടനീളം നിശബ്ദനായിരുന്ന അന്ധനായ പയ്യന്‍ സീറ്റില്‍ നിന്നും മെല്ലെ എഴുന്നേറ്റു പുകവലിച്ചും ഉച്ചത്തില്‍ ശബ്ദിച്ചും യാത്രക്കാരെ ശല്ല്യപ്പെടുതുന്നവരുടെ അടുത്ത് ചെന്ന് സൌമ്യമായി പറഞ്ഞു. “ചേട്ടന്മാരെ നിങ്ങളെല്ലാവരും ഉദ്യോഗസ്ഥന്മാരാണെന്നു നിങ്ങളുടെ സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു. തീവണ്ടിയില്‍ പുകവലിക്കുന്നത് നിയമംമൂലം നിരോധിച്ചത് നിങ്ങള്‍ അറിയുമല്ലോ? ഉദ്യോഗസ്ഥന്മാരായ നിങ്ങള്‍ തന്നെ നിയമം ലംഘിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമല്ലേ? ആരോഗ്യം പരിപോഷിക്കാനുള്ള അനേകായിരം വിഭവങ്ങള്‍ പ്രകൃതിയില്‍ സുലഭമായിരിക്കെ എന്തിനാണ് പുകവലിച്ചു ദൈവം അനുഗ്രഹിച്ചു തന്ന ആരോഗ്യം നശിപ്പിക്കുന്നത്?   അന്ധനായ പയ്യന്‍ സീറ്റില്‍ വന്നിരുന്നു. പുകവലിച്ചുകൊണ്ടിരുന്നവരൊക്കെ  സിഗരറ്റുകള്‍  കുത്തിക്കെടുത്തി.
കണ്ണുകള്‍ക്ക്‌ കാഴ്ചയുണ്ടായിരുന്നിട്ടും ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഒരിക്കല്‍ പോലും പ്രകാശം എന്തെന്നറിയാത്ത അന്ധനായ പയ്യന് ദൈവാനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു. എതിര്‍വശത്ത്‌ ഇരിക്കുന്ന അന്ധനായ പയ്യനെക്കുറിച്ചരറിയാന്‍  മാഷിനു തിടുക്കമായി.  “നിന്‍റെ പേരെന്താണ്?  നീ എവിടെ പോകുന്നു? എവിടുന്ന് വരുന്നു? എന്ത് ചെയ്യുന്നു?”  എല്ലാം മാഷ്‌ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
അവന്‍ പറഞ്ഞു തുടങ്ങി “ എന്‍റെ പേര് മജീദ്‌ .സ്വപ്നവ്യാഖ്യാനത്തില്‍ ഗവേഷണം നടത്തിയ നിര്‍ദ്ധ്നനായ ഒരു പുരോഹിതന്‍റെ ഏക മകനാണ്. നന്നേ ചെറുപ്പത്തിലെ മാതാവിനെ എനിക്ക് നഷ്ടപ്പെട്ടു. കുടുംബക്കാരായി ആരും ഇല്ല. ആറു മാസം മുന്‍പ്‌ ബാപ്പ മരിച്ചതോടെ ഞാന്‍ തനിച്ചായി. ഈ കാലമത്രയും ബാപ്പയുടെ കൂടെ ഒരു മതസ്ഥാപനതിലായിരുന്നു താമസം. മരിക്കുന്നതിനു ഏതാനും ദിവസം മുന്‍പ്‌ ബാപ്പ എന്നോട് പറഞ്ഞു “എന്‍റെ കാലശേഷം നീ ഒരു യാത്ര പുറപ്പെടണം. ഇരുണ്ട വഴിയില്‍കൂടി കുറച്ചകലം നടന്നാല്‍ നിനക്ക് വെളിച്ചം കിട്ടും.” ഇരുണ്ട വഴിയില്‍ കൂടിയുള്ള യാത്ര ആറു മാസം കഴിഞ്ഞു. ബാപ്പ പറഞ്ഞ വെളിച്ചം നിങ്ങള്‍ തന്നെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
വെളിച്ചമില്ലാത്ത കണ്ണുകളില്‍ നിന്നുതിരുന്ന കണ്ണീര്‍തുള്ളികള്‍ തുടച്ചുകൊണ്ട് മാഷ്‌ അവനെ കൂടെ കൂട്ടി.  മജീദ്‌ മാഷിന്‍റെ കൂടെക്കൂടിയിട്ടു വര്ഷം പത്തു കഴിഞ്ഞു.  നൈരാശ്യം മൂലം വിഷാദരോഗിയാകുമായിരുന്ന മാഷിന് മജീദ്‌ ജീവിതത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുത്തു. വയസ്സുകാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ കഴിയുമെന്ന് മാഷ്‌ തെളിയിച്ചു. വിജ്ഞാനിയായ മജീദില്‍ നിന്നും ഒരു കുട്ടിയെപ്പോലെ മാഷ്‌ പലതും പഠിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി ആത്മാര്‍ഥമായി ജീവിക്കുമ്പോള്‍ മനസ്സമാധാനം കിട്ടുമെന്ന് മാഷിന് മനസ്സിലായി. എല്ലാ സായാഹ്നങ്ങളിലും ജീവിതത്തിന്‍റെ വിവിധ അര്‍ത്ഥതലങ്ങലെക്കുറിച്ചു അവര്‍ പരസ്പരം സംവാദിച്ചു. പിതാവില്‍ നിന്നും അഭ്യസിച്ച സ്വപ്നവ്യാഖ്യാനം മാഷ്‌ ചെറിയതോതില്‍ മജീദില്‍ നിന്നും അഭ്യസിച്ചു.
മകന്‍റെ ഉടമസ്ഥയിലുള്ള പട്ടണത്തിലെ തുണിക്കടയുടെ ചുമതല മാഷ്‌ മജീദിനെ ഏല്‍പ്പിച്ചു. മജീദിന്‍റെ വരവും കാത്ത്  മാഷ്‌ വരാന്തയില്‍ എന്നും വൈകുന്നേരം കാത്തിരിക്കും. അതാത് ദിവസത്തെ സമ്പാദ്യം എണ്ണി നോക്കാനല്ല. അവനെയൊന്നു കാണാന്‍ ..അവനില്‍ നിന്നും ഓരോ പുതിയ പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍.
കഴിഞ്ഞ ദിവസം കണ്ട ഒരു സ്വപ്നം മാഷ്‌ മജീദിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. “ഞാന്‍ ചന്ദ്രനെ നോക്കി നില്‍ക്കുന്നു..എന്നിട്ട് ചന്ദ്രനില്‍ ഞാന്‍ എന്‍റെ മുഖം കാണുന്നു.”  ആ സ്വപ്നത്തിന്‍റെ അര്‍ത്ഥമെന്താനെന്നു മാഷ്‌ ചോദിച്ചപ്പോള്‍ അവന്‍ ഒന്നും മിണ്ടിയില്ല. മാഷ്‌ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു “ അത് ഒരു സന്തോഷ വാര്‍ത്തയല്ല.”
“സാരമില്ല ജീവിതത്തില്‍ ഇതില്‍പരം ഇനി എന്ത് സന്തോഷമാണ് കിട്ടാനുള്ളത്? ദൈവത്തിന്‍റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കഴിഞ്ഞ് പത്തു വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന സല്‍പ്രവര്‍ത്തികള്‍ മാത്രം മതി എനിക്ക്. ഇനി മരിച്ചാലും പ്രശ്നമില്ല. അതിനും ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.” മാഷ്‌ വികാരാധീനനായി പറഞ്ഞു.
“നിങ്ങള്‍ മരിക്കും അത് തന്നെയാണ് ഈ സ്വപ്നത്തിന്‍റെ വ്യാഖ്യാനം.” പതിഞ്ഞ സ്വരത്തില്‍ മജീദ്‌ പറഞ്ഞപ്പോള്‍ മാഷ്‌ ഞെട്ടിയെങ്കിലും ആ പരിഭവം കാണിച്ചില്ല. പക്ഷെ മജീദ്‌ വളരെ ദുഖിതനായിരുന്നു.
വരാന്തയില്‍ നിന്നും മാഷ്‌ ഇടയ്ക്കിടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ടിരുന്നു. മജീദ്‌ വരേണ്ട സമയം കഴിഞ്ഞല്ലോ? മാഷ്‌ അസ്വസ്ഥനായി. വരാന്തയിലെ ട്യൂബ് ലൈറ്റിന്‍റെ സ്വിച്ച് ഓണ്‍ ചെയ്തു. നല്ല വെട്ടത്തോടെ ബള്‍ബുകള്‍ പ്രകാശിച്ചു. വോള്‍ട്ടേജ് ക്ഷാമം മൂലം കഴിഞ്ഞ ദിവസം വരെ ഈ ട്യുബുകളോന്നും പ്രകാശിച്ചിരുന്നില്ല. പുതിയ സബ്സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാതോടെ നാട്ടിലെ വോള്‍ട്ടേജ് ക്ഷാമം തീര്‍ന്നു. മങ്ങിയ വെളിച്ചത്തില്‍ മൂളിപ്പാട്ടും പാടി വന്നിരുന്ന കൊതുകുകള്‍ വെട്ടം കൂടിയതോടെ മൂളിപ്പാട്ടുകള്‍ പാടെതെയായി. കൊതുകുകളെ തുരത്തുന്നതിനിടയിലായിരുന്നു “മാഷേ” എന്ന വിളി കേട്ടത്. മാഷ്‌ പെട്ടെന്ന് തിരിഞ്ഞു നോക്കി. മജീദ്‌ വടിയും ഊന്നി വാതില്‍ക്കല്‍ നില്‍ക്കുന്നു.
“നീ എന്താ ഇന്ന് ഇത്രയും താമസിച്ചത്?” മജീദിന്‍റെ കൈകള്‍ പിടിച്ചു അകത്തേക്ക് കയറ്റിക്കൊണ്ടു മാഷ്‌ ചോദിച്ചു.
“ഞാന്‍ അല്‍പനേരം പള്ളിയില്‍ പ്രാര്‍ഥനയിലലിരുന്നു.”
“എന്താണ് നിന്‍റെ മുഖം വടിയിരിക്കുന്നത്?  ആ സ്വപ്നമാണോ?  അത് നീ ഇതുവരെയും മറന്നില്ലേ? ഇപ്പോള്‍ സന്തോഷിക്കേണ്ട സമയമാണ്. നിനക്കറിയുമോ ഇന്ന് ഈ നാട്ടുകാര്‍ എല്ലാവരും സന്തോഷത്തിലാണ്. വോള്‍ട്ടേജ് ക്ഷാമം തീര്‍ന്നു. എങ്ങും പ്രകാശം പരന്നിരിക്കുന്നു. എന്താണ് അതിന്‍റെ അര്‍ത്ഥമെന്ന് നിനക്കറിയുമോ?”
“ഇല്ല” എന്നവന്‍ തലയാട്ടി.
“അതായത് നിന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ചശക്തി കിട്ടാന്‍ പോകുന്നു. എനിക്കും ചിലതൊക്കെ വ്യാഖ്യാനിക്കാനുള്ള കഴിവുണ്ട്.” മാഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന മാഷിന്‍റെ മടിയില്‍ തല വെച്ചുകൊണ്ട് മജീദ്‌ വിങ്ങിപ്പൊട്ടി. മജീദിന്‍റെ തല തടവിക്കൊണ്ട് മാഷ്‌ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“ഞാന്‍ മരിക്കാന്‍ പോകുന്നു എന്ന വിവരം എനിക്കറിയാം. എന്‍റെ കാലശേഷം എന്‍റെ കണ്ണുകള്‍ നിനക്കുള്ളതാണ്. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ഞാന്‍ ചെയ്തു വെച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങളാണ്. ഇനി പ്രകാശിക്കുന്ന കണ്ണുകളോടു കൂടി നീ ലോകം കാണണം. ദൈവനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണം.”
പ്രകാശിച്ചുകൊണ്ടിരുന്ന ബള്‍ബുകള്‍ പെട്ടെന്ന് പ്രകാശിക്കാതെയായി. ചുറ്റുപാടും ഇരുട്ടു പരന്നു.

Blogger..

BASHEER KUNHITHIRI

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS