RSS

വിഷം കലര്‍ന്ന ഓണസദ്യ

ഇന്ന്‍ ചൊവ്വാഴ്ച്ച. “അവീര്‍ “ ജയിലില്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ അനുവദിക്കപ്പെട്ട ദിവസം. മാധവന്‍ അതി രാവിലെ തന്നെ ഒരു പൊതിയുമായി ജയിലില്‍ എത്തിയിരുന്നു.
ഉയര്‍ന്ന കെട്ടിടസ്സമുച്ചയങ്ങള്‍ ഒന്നുമില്ലാത്ത ഈന്തപ്പനതോട്ടങ്ങളും ഫാം ഹൗസുകളുമുള്ള ദുബായിലെ ഒരു പ്രാന്തപ്രദേശം. വലിയ വിസ്തൃതിയില്‍ ജയില്‍ പരന്നു കിടക്കുന്നു.
പതിവ് പോലെ സൂര്യന്‍ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. അണയാന്‍ പോകുന്ന ദീപം ആളിക്കതുന്നതുപോലെ സൂര്യന്‍ കത്തിജ്വലിക്കുന്നതാണോ?. കെടാവിളക്കെന്നു അറിയപ്പെടുന്ന സൂര്യന്‍ ഒരിക്കല്‍ കത്തിയമരില്ലേ? എല്ലാ പ്രപഞ്ച രഹസ്യങ്ങളും അറിയുന്ന സര്‍വ്വശക്തനായ ദൈവത്തെ അയാള്‍ മനസ്സില്‍ സ്തുതിച്ചു.
ജയില്‍ കാര്യാലയത്തിന്‍റെ പ്രധാന കവാടം തുറന്നതെയുള്ളൂ. അകത്ത് പ്രവേശിക്കാന്‍ തിടുക്കം കൂട്ടുന്ന സന്ദര്‍ശകരെ പോലീസുകാര്‍ വളരെ പാടു പെട്ട് നിയന്ത്രിക്കുന്നുണ്ടായിരുന്നു. റിസപ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ നിന്ന് ടോക്കണ്‍ എടുത്ത് തന്‍റെ ഊഴവും കാത്ത് മാധവന്‍ കാത്തിരുന്നു.
ജയിലില്‍ കഴിയുന്ന ബന്ധുക്കളെയും,സുഹൃത്തുക്കളെയും,സഹപ്രവര്‍ത്തകരെയും കാണാന്‍ വരുന്ന വിവിധ് ദേശക്കാരായ സന്ദര്‍ശകര്‍. എല്ലാ ആഴ്ചകളിലും പതിവായ്‌ വന്ന് പരസ്പരം വിശേഷങ്ങള്‍ കൈമാറുന്നവരുണ്ട്. വസ്ത്രങ്ങളും മറ്റ്‌ അവശ്യസാധനങ്ങളുമായി വരുന്നവരുണ്ട്. ഏതു ജയിലിലാണ് എന്നറിയാതെ സ്വന്തക്കാരെ തേടി വരുന്നവരുമുണ്ട്.
വിസാനിയമങ്ങള്‍ ലംഘിച്ചുള്ള അനധികൃത താമസം, മദ്യപിച്ച് വാഹനമോടിക്കല്‍, മോഷണം, കൊലപാതകം, മയക്കുമരുന്ന് കച്ചവടം, പെണ്‍വാണിഭം, വ്യഭിചാരം ഇങ്ങനെ പല കുറ്റങ്ങളുടെയും പേരില്‍ കോടതി വിധി പ്രകാരം ശിക്ഷയനുഭവിക്കുന്ന തടവുപുള്ളികള്‍.
“ നിങ്ങളുടെ ആരാണ് ജയിലിലുള്ളത്‌? എന്തിനാണ് അകത്തായത്‌?” അടുത്തിരുന്ന മലയാളി മാധവനോട്‌ ചോദിച്ചു.
“എന്‍റെ ഒരു സുഹൃത്ത്, വാഹനാപകടവുമായി ബന്ധപ്പെട്ടാണ് അകത്തായത്‌”. മാധവന്‍ പതുക്കെ പറഞ്ഞു.
“എന്‍റെ ഒരു കസിന്‍ കമ്പനിയില്‍ സാമ്പത്തിക തിരിമറി നടത്തിയതിനാ അകത്തായത്‌”. മാധവന്‍ ചോദിക്കുന്നതിനു മുന്‍പ്‌ തന്നെ ആ മലയാളി പറഞ്ഞുതുടങ്ങി. പ്രദര്‍ശന ഫലകത്തില്‍ ടോക്കന്‍ നമ്പര്‍ തെളിയുന്നത് വരെ അയാള്‍ മാധവനോട് സംസാരിച്ചുകൊണ്ടെയിരുന്നു. അയാള്‍ പോയതിന് ശേഷം മാധവന്‍ ആരുമായും സംസാരിച്ചില്ല. പ്രദര്‍ശന ഫലകവും നോക്കികൊണ്ടയാള്‍ ഇരുപ്പ്‌ തുടര്‍ന്നു. കണ്ണുകള്‍ പ്രദര്‍ശന ഫലകത്തിലായിരുന്നെങ്കിലും അയാളുടെ ചിന്തകള്‍ മുഴുവനും തന്‍റെ സുഹൃത്ത് രഹുലിനെക്കുരിച്ചായിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് സുഹൃത്തിനെ പരിചയപ്പെടുന്നത്. സോനപൂരിലെ ലേബര്‍ ക്യാമ്പില്‍ തന്‍റെ സഹമുറിയനായി വന്നതായിരുന്നു രാഹുല്‍.
സ്നേഹപൂര്‍വ്വമായ പെരുമാറ്റവും പരസ്പരം മനസ്സിലാക്കിയിട്ടുള്ള ഇടപെടലുകളും രാഹുലിനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. ജോലിയില്‍ സമര്‍ത്ഥനായിരുന്ന രാഹുല്‍ കൃത്യനിഷ്ഠ പാലിക്കുന്നില്ല എന്ന്‍ തിരിച്ചറിയുവാന്‍ ഒരല്പം വൈകി.
ആഘോഷ ദിവസങ്ങളിലെ മദ്യപാനം രാഹുലിന്‍റെ ഏറ്റവും  വലിയ ബലഹീനതയായിരുന്നു. “ ജീവിതം ആഘോഷിച്ചു തന്നെ തീര്‍ക്കണം, ആഘോഷം..അത് കുടിച്ച് കുടിച്ചു തന്നെയായിരിക്കണം”. രാഹുല്‍ പലപ്പോഴും പറയുമായിരുന്നു.
ഓണം തന്നെയായിരുന്നു രാഹുലിന്‍റെ ഏറ്റവും വലിയ ആഘോഷം. ചെറുപ്പകാലതിലെ ഓണത്തെക്കുറിചുള്ള മധുരസ്മരണകള്‍ എന്നും മനസ്സില്‍ തലോലിക്കുന്നവനായിരുന്നു തന്‍റെ സുഹൃത്ത്. തുമ്പപ്പൂക്കള്‍ ശേഖരിക്കുവാന്‍ വേണ്ടി തിരുവോണത്തിന് നാളുകള്‍ മുന്‍പ്‌ തന്നെ തന്‍റെ കൊച്ചു പെങ്ങളെയും കൂട്ടി പറമ്പായ പറമ്പോകെ കയറിയിറങ്ങുന്നതും,പൂക്കളമിടുന്നതും,പുതു വസ്ത്രമണിഞ്ഞ് കുടുംബക്കരുമായും കൂട്ടുകാരുമായും ഒത്തുകൂടുന്നതും സദ്യ ഉണ്ണുന്നതും എല്ലാം എന്നും അവനു മധുരതരമായ ഓര്‍മ്മകളായിരുന്നു.
പിന്നെ എപ്പഴോ രാഹുലിന്‍റെ ഓണാഘോഷം മദ്യലഹരിയിലമര്‍ന്നുപോയി. പാല്‍പ്പായസത്തിന് മദ്യത്തിന്‍റെ ലഹരി വന്നു തുടങ്ങി.
അന്ന് രാഹുലിന്‍റെ ഗള്‍ഫിലെ ആദ്യത്തെ ഓണമായിരുന്നു. ഓണം പ്രമാണിച്ച് എല്ലാവരും മുന്‍കൂട്ടി അവധിയെടുത്തിരുന്നു. ഹോട്ടലില്‍ നിന്നും വരുത്തിച്ച ഓണസദ്യ “വാഴ ഇലയില്‍” എല്ലാവരും വളരെ സമൃദ്ധമായി തന്നെ കഴിച്ചു. സന്ധ്യാനേരം കൂട്ടുകാരൊക്കെ വീണ്ടും ഒത്തുകൂടി.
 “ നിനക്കിത് ഡബിള്‍ ആഘോഷമാണ്,ഒന്ന് ഗള്‍ഫിലെ നിന്‍റെ ആദ്യത്തെ ഓണം പിന്നെ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതിന്‍റെതും...നമുക്കിന്നു അടിച്ചുപോളിക്കണം “ കൂട്ടുകാരിലോരാള്‍ രാഹുലിന്‍റെ പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു. ഉന്മേഷവാനായ രാഹുല്‍ തലേന്ന് വാങ്ങിയ മദ്യ കുപ്പികളൊക്കെ ഓരോന്നായി പുറത്തെടുത്തു. മദ്യ ലഹരിയില്‍ പലരും പലതും പറഞ്ഞു തുടങ്ങി.
“എന്താണി ഓണം ?” രാഹുല്‍ വളരെ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു.
“കുടിച്ചു കുടിച്ചു അര്മാദിക്കാനുള്ള ഒരു ദിവസം” കൂടുകാരിലോരാള്‍ രാഹുലിനെ ഉണ്മേഷവാനക്കുവാന്‍ വിളിച്ചുപറഞ്ഞു.
പാട്ടും നൃത്തവും തമാശകളുമായി മദ്യപാനം അര്‍ദ്ധരാത്രിയോളം നീണ്ടു. എല്ലാ അതിരുകളും കടന്നു മദ്യപിച്ച രാഹുല്‍ കമ്പനിയുടെ പിക്കപ്പ് വണ്ടിയുമായി രാത്രിയില്‍ എപ്പഴോ നിരത്തിലിറങ്ങി. രാവിലെയാണ് ആ വിവരം അറിഞ്ഞത് .മദ്യലഹരിയിലായിരുന്ന രാഹുലിന്‍റെ വണ്ടിയിടിച്ച് ഒരു വഴിയാത്രക്കാരന്‍ മരിച്ചു.
രാഹുല്‍ ജയിലിലായിട്ട് ഒരു വര്‍ഷം തികയുന്നു.
“ ഹലോ ജീ ആപകാ നമ്പര്‍ ആഗയാ “അടുത്തിരുന്ന ഒരു പാകിസ്ഥാനി മാധവനെ തട്ടിയുണര്‍ത്തി. കൗണ്ടറില്‍ നിന്നും സന്ദര്‍ശകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌ വാങ്ങിയതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡുമായി നീങ്ങുന്നവരുടെ പിന്നാലെ മാധവനും നടന്നു. ജയില്‍ പറമ്പിനകത്തുള്ള ഒരു ബസ്സിലേക്കാണ് എല്ലാവരും എത്തിച്ചേര്‍ന്നത്. നിറയെ സന്ദര്‍ശകരുമായി സെന്‍ട്രല്‍ ജയിലും കടന്നു ബസ്‌ ഔട്ട്‌ ജയിലിന്‍റെ മുന്‍പില്‍ നിര്‍ത്തി. കവാടതിനരികിലുള്ള പോലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നോക്കിയതിനു ശേഷം ഓരോരുത്തരെയും അകത്തേക്ക് കടത്തിവിട്ടു.
വിശാലമായ ഹാളില്‍ കുറെ ടെലിഫോണ്‍ ബൂത്തുകള്‍ ദീര്‍ഘ ചതുരാകൃതിയില്‍ നിരത്തിവെച്ചത് പോലെ ഒരു സംവിധാനം. സന്ദര്‍ശകര്‍ ഓരോ ബൂത്തുകളില്‍ കയരിയിരിന്നു. തങ്ങളെ കാണാന്‍ വന്നവര്‍ ഏതു ബൂത്തിലാണ് എന്ന്‍ തെരഞ്ഞുപിടിക്കുകയാണ് തടവുകാര്‍. ബൂത്തിലെ ഗ്ലാസില്‍ കൂടി മാധവന്‍ അകത്തേക്ക് നോക്കി. തടിയും വളര്‍ത്തി തടവു പുള്ളിയുടെ വേഷത്തില്‍ രാഹുല്‍ ബൂത്തിനരികില്‍ എത്തിയപ്പോഴേക്കും മാധവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“ നീ എന്തിനാ മാധവാ കരയുന്നത്? കഴിഞ്ഞ തവണ വന്നപ്പോള്‍ ഇനി വരരുത് എന്ന്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ?” രാഹുല്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“അത് നാളെ തിരുവോണമല്ലേ? നാട്ടില്‍ നിന്നും അമ്മ ഓണക്കോടി കൊടുത്തയച്ചിട്ടുണ്ടായിരുന്നു.” കയ്യിലുള്ള പൊതി കാണിച്ചുകൊണ്ട് മാധവന്‍ പറഞ്ഞു.
“ എനിക്ക് ഇത് ഇവിടെ സ്വീകരിക്കാന്‍ കഴിയില്ല ..ആ കൗണ്ട്‌റില്‍ ഏല്പിച്ചിട്ട് മാധവന്‍ പൊയ്ക്കോളൂ” കണ്ണുകള്‍ തുടച്ചുകൊണ്ട് രാഹുല്‍ വിതുമ്പി.
“പിന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ട്” വളരെ ആവേശത്തോടെ മാധവന്‍ തുടര്‍ന്നു. “ മരിച്ചവന്‍റെ കുടുംബത്തിന് കൊടുക്കുവാനുള്ള ദിയാ ധനം ശരിയായിട്ടുണ്ട്. ഇനി ഏറി വന്നാല്‍ ഒരാഴ്ച ..നീ വിഷമിക്കേണ്ട “ മാധവന്‍ രാഹുലിനെ സമാധാനിപ്പിച്ചു.
“ നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. പക്ഷെ ഞാനിപ്പോള്‍ ജയില്‍മോജിതനാകാന്‍ ആഗ്രഹിക്കുന്നില്ല.” വളരെ ഗൌരവത്തില്‍ രാഹുല്‍ തുടര്‍ന്നു.
“ ഞാന്‍ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ആലോചിക്കുകയായിരുന്നു. ഇന്നത്തെ യുവ തലമുറ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു. ഈ ആധുനിക ലോകത്തിലെ ഓണം എന്താണ്? പുതു വസ്ത്രങ്ങള്‍ അണിഞ്ഞ് നല്ല ഭക്ഷണം കഴിക്കുന്ന ഒരു ദിവസം...മദ്യം കഴിച്ചു കൂത്താടാനുള്ള ഒരു ദിവസം... മദ്യത്തിന്‍റെ റെക്കോര്‍ഡ്‌ വില്പന നടക്കുന്ന ദിവസം.... ഏറ്റവും കൂടുതല്‍ മലയാളികള്‍ മദ്യം കുടിക്കുന്ന ദിവസം...അല്ലാതെ എന്താണ് ഇന്നത്തെ ഓണം?” രാഹുല്‍ കുപിതനായി തുടര്‍ന്നു. “ മഹാബലി രാജാവ് ആരായിരുന്നു എന്നും അന്നത്തെ രാജ ഭരണം എങ്ങനെയായിരുന്നു എന്നും ഇന്നത്തെ തലമുറക്ക്‌ അറിയില്ല. ഓണത്തിന്‍റെ മഹത്വമറിയാതെ നാം ഓണം ആഘോഷിക്കുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കണം . കളവും ചതിയും ഇല്ലാതെ ജനങ്ങളെല്ലാം സന്തോഷത്തോടെയും സമത്വതോടെയും ജീവിച്ചിരുന്ന ഒരു സമൂഹത്തെക്കുറിചുള്ള സന്ദേശം നല്‍കാതെ ഓണ ദിനത്തില്‍ മദ്യപ്പുഴ ഒഴുക്കി ജനങ്ങളുടെ ചിന്താശക്തിയെ മുരടിപ്പിക്കുന്ന ശക്തികള്‍ക്കും ഭരണകൂടത്തിനും എതിരെ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണം. എനിക്ക് അനുവദിച്ചുതന്നിരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു.” രാഹുല്‍ യാത്ര പറഞ്ഞു നടന്നു.
ഓണപ്പുടവ കൗണ്ടറില്‍ ഏല്പിച്ച ശേഷം മാധവന്‍ ഔട്ട് ജയിലിന്‍റെ പുറത്ത്‌ ബസിന്‍റെ വരവും കാത്ത് നിന്നു........

blogger....basheer kunhithiri

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment